top of page
  • syromalabargloballaity4justice

സാഹോദര്യത്തിന്റെ ക്രിസ്തുഭാഷ്യവും അന്ധമായ മതാത്മകതയും

Updated: Jul 30, 2021

ഫാ. ഡോ. മാര്‍ട്ടിന്‍ എന്‍. ആന്റണി

Sathyadeepam picture

The Great Philosophers എന്നത് കാള്‍ ജാസ്‌പേഴ്‌സിന്റെ മൂന്നു വാല്യം പുസ്തകമാണ്. വിഖ്യാതരായ തത്വചിന്തകരെ പരിചയപ്പെടുത്തുന്ന ഒരു പുസ്തക ശേഖരം. അതിന്റെ മൂന്നാമത്തെ വാല്യത്തില്‍ പൗലോസ് അപ്പസ്‌തോലനെ പരിചയപ്പെടുത്തുന്നത് ‘ദൈവശാസ്ത്രത്തിലെ തത്വചിന്തകന്‍’ എന്ന ശീര്‍ഷകം നല്‍കിയാണ്. വിജാതീയരുടെ അപ്പസ്‌തോലന്‍ എന്നറിയപ്പെട്ടിരുന്ന, ക്രിസ്തുവിന്റെ ലളിതചിന്തകള്‍ക്ക് താത്ത്വികമാനം പകര്‍ന്നു നല്‍കിയ പൗലോസ് ആധുനിക ചിന്തകരുടെയും ഇഷ്ടകഥാപാത്രമാണ്. പ്രശസ്ത ഉത്തരാധുനിക ചിന്തകരായ അലന്‍ ബഡ്യൂ, ദറീദാ, ഫൂക്കോ, ഷിഷേക്ക്, അഗമ്പന്‍ തുടങ്ങിയവരെല്ലാം പൗലോസിന്റെ ചിന്തകളെ പഠിക്കുകയും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ദമാസ്‌ക്കസിലേക്കുള്ള വഴിമധ്യേ ക്രിസ്തു ഒരു അവാച്യാനുഭവമായവന്റെ സൈദ്ധാന്തികമായ സംഭാവനകള്‍ മാത്രമല്ല, അവന്റെ രാഷ്ട്രീയ പരികല്‍പനകളും സ്‌നേഹത്തിലധിഷ്ഠിതമായ സഹവര്‍ത്തിത്വത്തിന്റെ പ്രാ യോഗികതയും ഇന്നത്തെ ചിന്തകരുടെ ഇടയിലും ഒരു പഠന വിഷയമാണ്.

നിയമത്തിന്റെ പൊരുള്‍ തേടി അലഞ്ഞവനായിരുന്നു പൗലോസ്. യേശുവെന്ന വ്യക്തി പ്രാഭവം ശിഷ്യരുടെ പ്രഘോഷണങ്ങളിലൂടെ യൂദയായുടെ തെരുവുകളിലും പ്രാന്തപ്രദേശങ്ങളിലും കൊടുമ്പിരികൊണ്ട കാലയളവില്‍ തോറ എന്നറിയപ്പെട്ട നിയമത്തിനു വേണ്ടി വാള്‍ എടുക്കുവാന്‍ പോലും അവന്‍ മടിച്ചില്ല. പക്ഷേ, അവസാനം അവന്‍ എത്തിപ്പെടുന്നത് നിയമത്തെ സ്‌നേഹത്തിന്റെ കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിച്ച ക്രിസ്തുവിലാണ്. അങ്ങനെയാണ് റോമാക്കാരുടെ രൂപാധിഷ്ഠിത നിയമവ്യവ സ്ഥിതിയേയും (Legal formalism) യഹൂദരുടെ മതാത്മക നിയമസമ്പ്രദായത്തിനേയും (Religious legalism) അതിജീവിക്കാന്‍ എല്ലാ നിയമങ്ങളുടെയും യഥാര്‍ത്ഥ പൊരുളായ സ്‌നേഹത്തിലേക്ക് തിരിച്ചുപോകാന്‍ അവന്‍ പ്രഘോഷിച്ചത്. ചരിത്രത്തില്‍ ഒരേ ഒരു വ്യക്തിയാണ് നിയമത്തെ അതിന്റെ ആത്മാവറിഞ്ഞു വ്യാഖ്യാനിച്ചു തന്നിട്ടുള്ളത്. അത് യേശു മാത്രമാണ്. അവന്‍ നിയമത്തെ സ്‌നേഹംകൊണ്ടാണ് കൈകാര്യം ചെയ്തത്. ആ ക്രിസ്തുപഠനത്തിന്റെ യഥാര്‍ത്ഥ പൊരുളിനെ താത്വികമായി അവലോകനം ചെയ്യുകയാണ് പൗലോസിന്റെ എല്ലാ ലേഖനങ്ങളുമെന്നു നിരീക്ഷിക്കാവുന്നതാണ്. ഉപരിപ്‌ളവമായ കാര്യങ്ങളിലല്ല ക്രൈസ്തവികത അഭിരമിക്കേണ്ടത്, മറിച്ച് ക്രിസ്തുവെന്ന ആഴക്കടലിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ട് ഇറങ്ങിച്ചെല്ലാനുള്ള ആഹ്വാനമാണവ.


സാഹോദര്യമാണ് സുവിശേഷം നല്‍കുന്ന സ്വാതന്ത്ര്യം. അത് ജാതിമത വര്‍ഗ്ഗവര്‍ണ്ണ സമ്പ്രദായങ്ങളെയും വ്യവസ്ഥിതികളെയും അതിലംഘിക്കുന്ന യാഥാര്‍ത്ഥ്യമാണ്. മാനവികതയുടെ പര്യായമാണ് സാഹോദര്യം. അവിടെ മതത്തിന്റെയും ജാതിയുടെയും വര്‍ഗ്ഗത്തിന്റെയും വേലിക്കെട്ടുകളില്ല. ക്രിസ്തുവിനെയും ക്രിസ്തുപഠനങ്ങളെയും അതിരുകളില്‍ തളച്ചിടുന്നവന്‍ ഒരു ക്രിസ്ത്യാനി ആണെന്ന് പറയാന്‍ പറ്റില്ല.


അപ്പോഴും ഒരു കാര്യം നാം മറക്കരുത്; ലോകത്തിന്റെ ജ്ഞാനത്തിന് നേര്‍വിപരീതമായി വിശ്വാസത്തിന്റെ വിഡ്ഢിത്വത്തിന് പ്രാ ധാന്യം കൊടുത്തവനായിരുന്നു പൗലോസ് എന്ന കാര്യം. അതു പോലെതന്നെ ക്രിസ്തുപഠനത്തിന് ഒരു സദാചാര ഭാഷ്യം നല്‍കുന്നതിന് പകരം അതിനെ സ്വാതന്ത്ര്യത്തിന്റെ മാഗ്‌നകാര്‍ട്ടയായി ചിത്രീകരിക്കാനാണ് അവനെന്നും പരിശ്രമിച്ചിട്ടുള്ളത്. നോക്കുക, എത്ര സുന്ദരമാണ് അവന്‍ ഫിലമോന്‍ എന്ന തന്റെ ശിഷ്യനെഴുതിയ ലേഖനം. ഒരു ശുപാര്‍ശക്കത്താണത്. ഫിലമോനില്‍ നിന്നും ഒളിച്ചോടി പോയ ഒനേസിമൂസ് എന്ന അടിമയെ സ്വസഹോദരനെ പോലെ സ്വീകരിക്കണമെന്നഭ്യര്‍ത്ഥിക്കുകയാണ് പൗലോസ്. അടിമത്ത സമ്പ്രദായം നിര്‍ത്തണം എന്നതിനെക്കുറിച്ചൊരു രാഷ്ട്രീയആശയപരമായ സംവാദമൊന്നും അപ്പസ്‌തോലന്‍ നടത്തുന്നില്ല. മറിച്ച്, ഒരു അടിമയെ സഹോദരനെ പോലെ സ്വീകരിക്കണമെന്ന് യാചിക്കുകയാണവന്‍. കാരണം അടിമയെന്നോ ഉടമയെന്നോ, വലിയവനെന്നോ ചെറിയവനെന്നോ, വി ജാതീയനെന്നോ സജാതിയനെന്നോ, യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ വ്യത്യാസമില്ലാത്ത സാഹോദര്യമാണ് ക്രിസ്തുപഠനത്തിന്റെ തനിമ.

സാഹോദര്യമാണ് സുവിശേഷം നല്‍കുന്ന സ്വാതന്ത്ര്യം. അത് ജാതിമതവര്‍ഗ്ഗവര്‍ണ്ണ സമ്പ്രദായങ്ങളെയും വ്യവസ്ഥിതികളെയും അതിലംഘിക്കുന്ന യാഥാര്‍ത്ഥ്യമാണ്. മാനവികതയുടെ പര്യായമാണ് സാഹോദര്യം. അവിടെ മതത്തിന്റെയും ജാതിയുടെയും വര്‍ഗ്ഗത്തിന്റെയും വേലിക്കെട്ടുകളില്ല. ക്രിസ്തുവിനെയും ക്രിസ്തുപഠനങ്ങളെയും അതിരുകളില്‍ തളച്ചിടുന്നവന്‍ ഒരു ക്രിസ്ത്യാനി ആണെന്ന് പറയാന്‍ പറ്റില്ല. എന്റെ വിശ്വാസം കൈക്കൊള്ളുന്നവനാണ് എന്റെ സഹോദരന്‍ എന്ന മനസ്സ് ചുരുങ്ങിയ മനസ്സാണ്. ക്രിസ്തു വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യം അവന്‍ അനുഭവിക്കുന്നില്ല എന്നതാണ് സത്യം. അങ്ങനെയുള്ളവര്‍ മതം എന്ന സങ്കല്‍പ്പത്തിലടങ്ങിയിട്ടുള്ള രഹസ്യാത്മകതയെയും ആചാരത്തെയും അധികാരത്തെയും സഹജവിദ്വേഷത്തിന്റെ ചാലകങ്ങളാക്കി മാറ്റും. അങ്ങനെ അവര്‍ മതത്തെ തങ്ങള്‍ മാത്രം വസിക്കുന്ന ഒരു ഇടുങ്ങിയ മുറിയായി അവതരിപ്പിക്കും. ദസ്തയോവ്‌സ്‌കിയുടെ കരമസോവ് ബ്രദേഴ്‌സിലെ ഗ്രാന്‍ഡ് ഇന്‍ക്വിസിറ്ററിന്റെ ഇതിഹാസം എന്ന അധ്യായത്തില്‍ പ്രത്യക്ഷപ്പെടുന്ന യേശുവും ആകുലപ്പെടുന്നത് പാരതന്ത്ര്യത്തിന്റെ ഇടമായി മാറുന്ന മതാത്മകതയെ കുറിച്ചാണ്. സാഹോദര്യത്തെ അവഗണിച്ചുകൊണ്ടുള്ള ഏത് മതാത്മക പ്രവര്‍ത്തനവും ചങ്ങലയ്ക്കിട്ട ആത്മീയത മാത്രമാണ്. നോക്കുക, ആത്മവിനാശകരമായ ചില ഉന്മാദജനിതകങ്ങള്‍ ക്രൈസ്തവ ആത്മീയതയിലും കടന്നുകൂടിയിട്ടുണ്ട് എന്നുള്ളത് അവഗണിക്കാന്‍ പറ്റാത്ത യാഥാര്‍ത്ഥ്യമാണ്. അവര്‍ ക്രൈസ്തവികതയുടെ അഥവാ സഭയുടെ തനിമയെ തകര്‍ക്കും. സാമൂഹ്യ സാഹോദര്യത്തിന് തുരങ്കം വച്ചു കൊണ്ട് അവര്‍ സഭയെ സദാചാരങ്ങളുടെയും ആചാരങ്ങളുടെയും വെറുമൊരു സംഗ്രഹമായി ചുരുക്കും. എന്നിട്ടവര്‍ സാഹോദര്യം പ്രഘോഷിക്കേണ്ട പുരോഹിതരെ വയലില്‍ വരുന്ന കിളികളെ ഭയപ്പെടുത്തുന്ന നോക്കുകുത്തികളായി പ്രതിഷ്ഠിക്കും.


സാഹോദര്യത്തെ അവഗണിച്ചുകൊണ്ടുള്ള ഏത് മതാത്മക പ്രവര്‍ത്തനവും ചങ്ങലയ്ക്കിട്ട ആത്മീയത മാത്രമാണ്. നോക്കുക, ആത്മ വിനാശകരമായ ചില ഉന്മാദജനിതകങ്ങള്‍ ക്രൈസ്തവ ആത്മീയതയിലും കടന്നുകൂടിയിട്ടുണ്ട് എന്നുള്ളത് അവഗണിക്കാന്‍ പറ്റാത്ത യാഥാര്‍ത്ഥ്യമാണ്. അവര്‍ ക്രൈസ്തവികതയുടെ അഥവാ സഭയുടെ തനിമയെ തകര്‍ക്കും. സാമൂഹ്യ സാഹോദര്യത്തിന് തുരങ്കം വച്ചു കൊണ്ട് അവര്‍ സഭയെ സദാചാരങ്ങളുടെയും ആചാരങ്ങളുടെയും വെറുമൊരു സംഗ്രഹമായി ചുരുക്കും.


നിരസന മനോഭാവത്തോടെ സഹജരെ സമീപിക്കുകയെന്നത് ക്രൈസ്തവികതയല്ല. അത് സഭയുടെ നിലപാടുമല്ല. എന്റെ മുന്നിലുള്ള വ്യക്തി എന്റെ വിശ്വാസത്തോട് അനുകൂലിക്കാതിരിക്കുകയോ എതിരായി നില്‍ക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുകയാണെങ്കില്‍ പോലും അയാളെ ശത്രുവായി കരുതണം എന്ന് യേശുവിന്റെ പഠനങ്ങളില്‍ ഒരു സ്ഥലത്തുമില്ല എന്ന കാര്യം നമ്മള്‍ ഓര്‍ക്കണം. ക്രിസ്തുവിലുള്ള വിശ്വാസം ഒരു ദാനമാണ്. അത് എല്ലാവര്‍ക്കും കിട്ടണമെന്നില്ല. പക്ഷേ ഈ ദാനം ലഭിച്ചവര്‍ മറ്റുള്ളവരെക്കാള്‍ മേന്മയുള്ളവരാണെന്ന് ധരിക്കരുത്. മാര്‍പാപ്പ ആയതിനുശേഷം ഫ്രാന്‍സിസ് പാപ്പ ആദ്യം നല്‍കിയ ഇന്റര്‍വ്യൂവില്‍ ഒരു ചോദ്യം ഉണ്ടായിരുന്നു: ‘മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അങ്ങേയ്ക്ക് എന്താണ് തോന്നിയത്?’ അദ്ദേഹം പറഞ്ഞു: ‘ഒരു പാപിയെ ദൈവം പരിഗണിച്ചിരിക്കുന്നു.’

നോബല്‍ സമ്മാന ജേതാവായ സ്വീഡിഷ് എഴുത്തുകാരന്‍ പെയര്‍ ലാഗര്‍വിസ്റ്റിന്റെ (Par Lager-kvist) പ്രശസ്തമായ നോവലാണ് Barabbas. ബറാബാസിന്റെ കാഴ്ചപ്പാടിലൂടെയുള്ള ക്രിസ്തുസംഭവങ്ങളുടെയും സുവിശേഷാനുസാരത്തിന്റെയും പുനരാഖ്യാനമാണത്. ബറാബാസ് ഒരിക്കല്‍ ക്രിസ്തുവിനെ കുറിച്ചും ദൈവസ്‌നേഹത്തെ ക്കുറിച്ചും പ്രഘോഷിച്ചു കൊണ്ടിരുന്ന ശിഷ്യരെ കണ്ടുമുട്ടുന്നുണ്ട്. ആ ശിഷ്യരുടെ പ്രതികരണത്തെക്കുറിച്ച് കഥാകൃത്ത് ഉപയോഗിച്ചിരിക്കുന്ന പദങ്ങള്‍ ശ്രദ്ധേയമാണ്: ജ്വലിക്കുന്നതും ഭയപ്പെടുത്തുന്നതുമായ അവരുടെ നയനങ്ങള്‍ അവനെ തീര്‍ത്തും അവഗണിച്ചു. അവരെ സംബന്ധിച്ച് തങ്ങളുടെ ഗുരുവിന് പകരം അധാര്‍മികമായി മോചിപ്പിക്കപ്പെട്ട ഒരു ക്രിമിനല്‍ മാത്രമാണ് അവന്‍. അവിടെയാണ് പത്രോസ് എന്ന വയോധികന്റെ ഇടപെടലിന്റെ ലാവണ്യം കഥാകാരന്‍ ചിത്രീകരിക്കുന്നത്. വിദ്വേഷത്തോടെ ബറാബാസിനെ നോക്കിക്കൊണ്ടിരുന്ന ശിഷ്യരോട് അവന്‍ പറയുന്നു: ‘അവന്‍ ദുഃഖിതനാണ്. നമുക്ക് അവനെ വിധിക്കാന്‍ ഒരു അധികാരവുമില്ല. നമ്മളും കുറ്റങ്ങളും കുറവുകളുമുള്ളവരാണ്. നമ്മുടെ കഴിവ് കൊണ്ടല്ല ദൈവം നമ്മുടെ മേല്‍ കരുണയായിരിക്കുന്നത്. ദൈവവിശ്വാസിയല്ല എന്ന കാരണത്താല്‍ ആരെയും വിധിക്കാന്‍ നമുക്ക് അധികാരമില്ല.’ ഏകദേശം ഇതേ വാക്കുകള്‍ തന്നെയാണ് ഫ്രാന്‍സിസ് പാപ്പായും പല സങ്കീര്‍ണ്ണ സന്ദര്‍ഭങ്ങളിലും ഉപയോഗിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതെ, സാഹോദര്യത്തിന്റെ കരങ്ങള്‍ നീട്ടുവാനല്ലാതെ സഹജരെ വിധിക്കാന്‍ ആരാണ് നമുക്ക് അധികാരം നല്‍കിയത്?

3 views0 comments

Comments


bottom of page