top of page
  • syromalabargloballaity4justice

*അൾത്താരാഭിമുഖ ബലിയർപ്പണം: ഐക്യം പിളർത്തരുത്*


✍🏻

ഫാ.സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ

പാലക്കാട്‌ രൂപത

കോവിഡ് മഹാമാരിയെത്തുടർന്ന് മനുഷ്യ ജീവിതത്തിന്റെ എല്ലാ തുറകളിലും പരക്കെ മാന്ദ്യമാണ് അനുഭവപ്പെടുന്നത്. ഈ മാന്ദ്യം വിശ്വാസ പരിശീലനത്തിലും പരക്കെ ദൃശ്യമാണ്. വിശ്വാസക്ഷയവും മതനിസ്സംഗതയും വ്യാപകമായി തീർന്നിരിക്കുന്നു.


ഇതൊന്നും അറിഞ്ഞിട്ടില്ലാത്ത മട്ടിലോ, അതോ ഈ നിസ്സംഗത മുതലെടുക്കാൻ എന്ന മട്ടിലോ സീറോ മലബാർ സഭയിൽ ഐക്യരൂപം നിലനിർത്താൻ എന്ന ഭാവേനയാണ് റോമിൽനിന്നുള്ള കത്ത് സഭയിലെ മെത്രാന്മാർക്കും,വൈദികർക്കും, സന്യസ്തർക്കും, വിശ്വാസികൾക്കും ലഭിച്ചിട്ടുള്ളത്. വർഷങ്ങളായി നിലനിന്നുപോരുന്ന ജനാഭിമുഖ ബലിയർപ്പണ രീതി മാറ്റി എല്ലാ രൂപതകളിലും അൾത്താരഭിമുഖ കുർബാന ബലിയർപ്പണ രീതി ഏകീകരിച്ചു നടപ്പാക്കണമെന്നാണ് കത്തിലെ താല്പര്യം.

രണ്ടുകാര്യങ്ങളാണ് കത്തിൽ : 2020 ൽ സീറോ മലബാർ മെത്രാൻമാരുടെ സിനഡ് റോമിന് സമർപ്പിച്ച കുർബാനക്രമം

റോം അംഗീകരിച്ചു. ആവർത്തന വിരസത ഒഴിവാക്കി, ഭാഷാ വികലതകൾ പരിഹരിച്ച് സമയദൈർഘ്യം കുറച്ചുള്ള ടെക്സ്റ്റ് ആണ് റോം അംഗീകരിക്കുന്നത്. കൂട്ടത്തിൽ സീറോ മലബാർ സഭയിൽ എല്ലാ രൂപതകളിലും ഒരേ വിധത്തിൽ കുർബ്ബാന അർപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണം. ഇത് ലിറ്റർജിക്കൽ കോൺഗ്രിഗേഷന്റെ കത്താണ് - മാർപാപ്പ കണ്ടിട്ടുണ്ടോ , ആവോ ഈ കത്ത് ? ഇത് കത്താണ്, order അല്ല എന്ന് മനസ്സിലാക്കുക. കത്ത് സഭയിലെ പിതാക്കന്മാർക്ക് മാത്രമല്ല, സഭയിലെ എല്ലാ വിശ്വാസികൾക്കും, വൈദികർക്കും, സന്യസ്തർക്കും വേണ്ടിയുള്ളതാണ്.

ഈയാഴ്ച്ചാവസാനം ചേരുന്ന മെത്രാന്മാരുടെ സിനഡ് ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. കൂട്ടത്തിൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ നിലവിലുള്ള വസ്തു വില്പന തർക്കവും റോമിൽ നിന്നുള്ള order അനുസരിച്ച് ചർച്ച ചെയ്യും.

വർഷങ്ങളായി പല രൂപതകളിലും തുടർന്നുപോരുന്ന ജനാഭിമുഖ ബലിയർപ്പണ സമ്പ്രദായം ഐക്യ രൂപത്തിനു വേണ്ടി എല്ലാ രൂപതകളിലും ഒരേ വിധത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത് പ്രതിസന്ധി ഉളവാക്കും. " എങ്ങിനെ കുർബ്ബാന ചൊല്ലിയാലെന്താ" എന്ന് ചിന്തിക്കുന്നവർ വൈദികർക്കിടയിലും ഉണ്ട്. എന്നാൽ, ചുവരിനോടു ചേർന്ന്, ദൈവജനത്തിന് പുറം തിരിഞ്ഞു ബലിയർപ്പിക്കുന്നതിനെ 21 വർഷം മുന്നേ ശക്തമായി എതിർത്തവരും ഇപ്പോഴും എതിർക്കുന്നവരും രൂപതയിൽ ഉണ്ട്.

അൽമായ സംഘടന പുതിയ ക്രമം നടപ്പിലാക്കുന്നതിനു പിന്തുണ പ്രഖ്യാപിച്ചതായി വാർത്ത കണ്ടു. എത്രപേരുണ്ട് അൽമായ സംഘടനയിൽ? എത്ര ശക്തമാണ് A.K.C.C എന്ന അൽമായ സംഘടന? കഴിഞ്ഞ ഭരണസമിതിയുടെ കാലത്തു നിലനിന്നിരുന്ന പല യൂണിറ്റുകളും ഇന്ന് നിലവിലില്ല. അംഗപരിമതി തന്നെ കാരണം.

യുവജനപ്രസ്ഥാനത്തിന്റെ പ്രവർത്തനോന്മുഖത എത്ര ശക്തമാണ്? കുടിയേറ്റ മേഖലയിലെ മനുഷ്യന്റെ നിലനിൽപ്പിനും, പുരോഗതിക്കും പ്രതിബന്ധമായി നിൽക്കുന്ന മനുഷ്യാവകാശപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ - കൃഷിയിടങ്ങളിലെ വന്യമൃഗശല്യം, പരിസ്ഥിതിലോലപ്രദേശങ്ങളിലെ വനവത്കരണം, കാർഷിക പ്രശ്നങ്ങൾ,വർധിച്ച് വരുന്ന ദൈവാലയ ആക്രമണങ്ങൾ,കോവിഡ് കാലത്തെ തൊഴിലില്ലായ്‌മ, (കിറ്റ് വിതരണം കൊണ്ട് മാത്രം തീരുന്നതല്ല ഈ പ്രശ്നങ്ങൾ),നമ്മുടെ സമൂഹത്തിന്റെ വളർച്ച etc... - സംഘടിച്ച് ശക്തി ആർജിക്കാൻ ആരും തയ്യാറാവുന്നില്ല. ഇത് സാമൂഹ്യ പ്രതിബദ്ധതയുടെ (social responsibility) അഭാവമാണ്. ഈ നിസ്സംഗത മുതലാക്കി ലിറ്റർജി സമ്പ്രദായം പരിഷ്കരിക്കാൻ സഭാ പിതാക്കന്മാർ ശ്രമിക്കുന്നത് അവിവേകമായിരിക്കും.

സഭയിൽ ഐക്യം നിലനിറുത്താൻ ബലിയർപ്പണ സമ്പ്രദായത്തിലെ ഏകീകരണം വേണമെന്നില്ല.

ചുരുക്കത്തിൽ :

- ബലിയർപ്പണ ശൈലിയല്ല ഈ അവസരത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയം.

- വിശ്വാസ സമൂഹത്തിലെ ഇന്നത്തെ നിസ്സംഗതമനോഭാവം എങ്ങനെ പരിഹരിക്കാമെന്നതിനു പകരം അതു മുതലെടുക്കാൻ ശ്രമിക്കരുത്.

- വർഷങ്ങളായി തുടർന്നുപോരുന്ന ഇന്നത്തെ ബലിയർപ്പണ സമ്പ്രദായത്തിൽ ആർക്കാണ് അസംതൃപ്തി? റോമിനോ, മെത്രാൻ സിനഡിനോ? അർപ്പണ രീതിയിൽ ഐക്യരൂപം സൃഷ്ടിച്ച് ഐക്യം തടസപ്പെടുത്തരുത്. പുതിയ രീതി നടപ്പിലാക്കുന്നതു കൊണ്ട് ആർക്ക്, എന്താണ് നേട്ടം?സിനഡ് നിർദേശങ്ങൾ വിശ്വാസ സമൂഹത്തിന്റെമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് അജപാലന ശൈലി ആകില്ല. കൺമുമ്പിലുള്ള 99നെ മേച്ചിൽ പുറത്ത് ഉപേക്ഷിച്ചിട്ട് വിട്ടുപോയ ഒന്നിനെ തേടിപ്പോകുന്ന ക്രിസ്തുശൈലി.

പുതിയ ബലിയർപ്പണരീതി നടപ്പാക്കുന്നെങ്കിൽ ആദ്യം അത് സഭാ ആസ്ഥാനമായ അങ്കമാലി - എറണാകുളം അതിരൂപതയിൽ നടപ്പിലാക്കട്ടെ-! വൈദികരുടെയും സന്യസ്തരുടെയും ഇടയിൽ മാത്രമല്ല, വിശ്വാസ സമൂഹത്തിലും ചർച്ചചെയ്തുവേണം പുതിയ സമ്പ്രദായം നടപ്പിലാക്കുവാൻ. ഇവിടെ റോമിലെ കത്ത് സൂചിപ്പിക്കുന്ന Ongoing discernment കൂടാതെയുള്ള സിനഡ് തീരുമാനം ഏറെപ്പേരുടെ എതിർപ്പ് വിളിച്ചു വരുത്തും.

- മെത്രാന്മാരുടെ ഏകപക്ഷീയമായ തീരുമാനം എതിർപ്പിനും, പിളർപ്പിനു കാരണമാകും. ഐക്യത്തിന്റെ കൂദാശ പിളർപ്പിനു വഴിയൊരുക്കാതിരിക്കട്ടെ.



8 views0 comments

Comentários


bottom of page